
ദോഹ: ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് (MMA) സംഘടനയായ യു.എഫ്.സി (UFC)-യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'യു.എഫ്.സി ഫൈറ്റ് നൈറ്റ്' ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി 'വിസിറ്റ് ഖത്തർ' അറിയിച്ചു. അൽ റയ്യാൻ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിൽ 2026 നവംബർ 21 ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകർക്ക് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മികച്ച വിജയത്തിന് പിന്നാലെയാണ് പ്രമുഖ മാർഷ്യൽ ആർട്സ് താരങ്ങളെ അണിനിരത്തി യു.എഫ്.സി വീണ്ടും ദോഹയിലെത്തുന്നത്. മുൻ ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യനും നിലവിലെ രണ്ടാം റാങ്കുകാരനുമായ ജെറി പ്രൊഹാസ്കയും (Jiri Prochazka) തോൽവി അറിയാത്ത അഞ്ചാം റാങ്കുകാരൻ നവാഹോ സ്റ്റെർലിംഗും (Navajo Sterling) തമ്മിലാണ് പ്രധാന പോരാട്ടം (Main Event). ഇതുകൂടാതെ, മുൻ ബാന്റംവെയ്റ്റ് ചാമ്പ്യൻ അൽജമൈൻ സ്റ്റെർലിംഗും കെവിൻ വല്ലെജോസും തമ്മിലുള്ള മത്സരവും ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്.
ഖത്തറിന്റെ 2026/2027 കലണ്ടർ പുറത്തിറക്കുന്ന വേളയിലാണ് ഏകീകൃത ഡിജിറ്റൽ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വിസിറ്റ് ഖത്തർ പരിചയപ്പെടുത്തിയത്. രാജ്യത്ത് നടക്കുന്ന വിവിധ കായിക, സാംസ്കാരിക, വിനോദ പരിപാടികളുടെ ടിക്കറ്റുകൾ ഇനി മുതൽ ഈ സംവിധാനം വഴി എളുപ്പത്തിൽ സ്വന്തമാക്കാം.
യു.എഫ്.സി ഫൈറ്റ് നൈറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ https://visitqatar.com/ufc-tickets എന്ന ലിങ്ക് വഴിയും, മറ്റ് പരിപാടികളുടെ വിശദാംശങ്ങൾ https://visitqatar.com/qa-ar/events-calendar വഴിയും ലഭ്യമാണ്.










